മരിച്ചു കൂടെനില്‍ക്കും, തന്നെ വേണമോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെ: പി.വി അൻവർ
Tuesday, January 7, 2025 12:08 PM IST
മലപ്പുറം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരണമെന്ന് പി.വി അൻവർ എംഎൽഎ. തന്നെ മുന്നണിയിൽ എടുക്കണോയെന്ന് യുഡിഎഫ് ആണ് തീരുമാനിക്കേണ്ടതെന്നും അൻവർ പ്രതികരിച്ചു.
പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരേ അതിരൂക്ഷവിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. വന്യജീവി ആക്രമണം സാധാരണ സംഭവമായി മാറി. മനുഷ്യരെ കുടിയൊഴിപ്പിക്കാന്‍ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു.
താൻ എങ്ങോട്ടാണു പോകുന്നതെന്ന് നോക്കി ഒട്ടേറെപ്പേര്‍ കാത്തുനില്‍ക്കുന്നുണ്ട്. താൻ പോകുന്ന തോണിയില്‍ ആളുകള്‍ കയറണമെങ്കില്‍ യുഡിഎഫ് രക്ഷാകവചം ഒരുക്കണം.
കേരളത്തില്‍ തൊഴിലാളി നേതാക്കളുണ്ടോ? എവിടെപ്പോയി സിഐടിയു? നോക്കുകൂലി വാര്‍ത്തയില്‍ മാത്രമാണ് ഇവരെപ്പറ്റി കേള്‍ക്കുന്നത്. തൊഴിലാളി സംഘടനകള്‍ സമരം നടത്തുന്നുണ്ടോ? ആദിവാസി സംഘടനകള്‍ സമരം നടത്തുന്നുണ്ടോ?
എല്ലാ നേതാക്കളെയും ചരടില്‍ കെട്ടിയിരിക്കുകയാണ്. ആര്‍ക്കും മിണ്ടാന്‍ അധികാരമില്ല. അതാണു പിണറായിസം. ആ പിണറായിസം സിപിഎമ്മിന്റെ അടിവേര് തകര്‍ക്കും. യുഡിഎഫ് അധികാരത്തില്‍ വരണം, മരിച്ചുകൂടെ നില്ക്കും, തന്നെ വേണമോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും അന്‍വര്‍ പറഞ്ഞു.