കണ്ണപുരം റിജിത്ത് വധം: ഒമ്പത് ബിജെപി - ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
Tuesday, January 7, 2025 11:34 AM IST
കണ്ണൂര്‍: കണ്ണപുരം ചുണ്ടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലിച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം. തലശേരി അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് ആര്‍എസ്എസ് - ബിജെപി പ്രവർത്തകർക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കണ്ണപുരം ചുണ്ട വയക്കോടൻ വീട്ടിൽ വി.വി. സുധാകരൻ (56), കോത്തില താഴെവീട്ടിൽ ജയേഷ് (39), ചാങ്കുളത്ത് പറമ്പിൽ സി.പി. രഞ്ജിത്ത് (42), പുതിയപുരയിൽ പി.പി. അജീന്ദ്രൻ (50), ഇല്ലിക്കവളപ്പിൽ ഐ.വി. അനിൽകുമാർ (51), പുതിയപുരയിൽ പി.പി. രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേവീട്ടിൽ വി.വി. ശ്രീകാന്ത് (46), സഹോദരൻ വി.വി. ശ്രീജിത്ത് (42), തെക്കേവീട്ടിൽ ടി.വി. ഭാസ്കരൻ (62) എന്നിവരാണു ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടത്. മൂന്നാം പ്രതി കോത്തില താഴെവീട്ടിൽ അജേഷ് വിചാരണയ്ക്കു മുൻപു മരിച്ചിരുന്നു.
2005 ഒക്ടോബർ രണ്ടിന് രാത്രി ചുണ്ട തച്ചൻക്കണ്ടി ക്ഷേത്രത്തിനടുത്ത് വെച്ച് സൃഹുത്തുക്കൾക്കൊപ്പം നടന്ന് പോവുന്നതിനിടയിലാണ് പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകനായ കണ്ണപുരത്തെ അരക്കൻ വീട്ടിൽ റിജിത്തിനെ(26) വെട്ടി കൊലപ്പെടുത്തിയത്. കുടെയുണ്ടായ ഡിവൈഎഫ്ഐ പ്രവർത്തകരായ കെ.വി. നികേഷ്, ചിറയിൽ വികാസ്, കെ. വിമൽ തുടങ്ങിയവർക്ക് വെട്ടേറ്റിരുന്നു.