പുല്ലുപാറ അപകടം: ബസിന്റെ സാങ്കേതിക പരിശോധന ഇന്ന്
Tuesday, January 7, 2025 9:18 AM IST
ഇടുക്കി: പെരുവന്താനം പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന്റെ സാങ്കേതിക പരിശോധന ഇന്നു നടത്തും. തിങ്കളാഴ്ച നടത്തിയ സാഹചര്യ പരിശോധനയിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു.
ക്രാഷ് ബാരിയറിൽ ഇടിച്ച വാഹനം പിൻവശം കുത്തിയാണ് താഴേക്ക് പതിച്ചത്. എയർ ബ്രേക്കിലെ എയർ നഷ്ടപെട്ടിട്ടില്ല. കൂടാതെ റോഡിൽ ടയർ ഉരഞ്ഞുണ്ടായ പാട് ദൃശ്യമാണ്. ഇക്കാര്യം ഇന്ന് വിശദമായി പരിശോധിക്കും. അപകടത്തിൽ കെഎസ്ആര്‍ടിസിയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, അപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന് എന്നിവരാണ് മരിച്ചത്. സംഗീതിന്റെ മൃതദേഹം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
അരുണ്‍ ഹരി, രമ മോഹന്‍ എന്നിവരുടെ മൃതദേഹങ്ങൾ മാവേലിക്കര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ബിന്ദുവിന്റെ മൃതദേഹം നൂറനാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
തിങ്കളാഴ്ച രാവിലെ 6.10ന് പുല്ലുപാറ കള്ളിവയൽ എസ്റ്റേറ്റിനു സമീപത്താണ് അപകടം നടന്നത്. മാവേലിക്കരയിൽനിന്നു കെഎസ്ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂർ, മധുര എന്നിവിടങ്ങളിലേക്ക് തീർഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിലെ ക്രാഷ്ബാരിയർ തകർത്ത് 40 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടിനിൽക്കുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതായി അപകടത്തിനു മുന്‍പ് ഡ്രൈവർ യാത്രക്കാരോട് വിളിച്ചുപറഞ്ഞിരുന്നതായി പറയപ്പെടുന്നു. തിട്ടയിൽ ഇടിച്ചുനിർത്താൻ ശ്രമം നടത്തിയെങ്കിലും കുത്തിറക്കവും വളവുംമൂലം കഴിഞ്ഞില്ല.