ഖനിയിൽ വെള്ളം കയറി; 18 തൊഴിലാളികള്‍ കുടുങ്ങി
Monday, January 6, 2025 11:15 PM IST
ഗുവാഹാട്ടി: അസമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം കയറി 18 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. ദിമാ ഹസാവോ ജില്ലയിലെ ഉമറാംഗ്സോയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്.
മൂന്നുറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതെന്നും ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രണ്ടു മോട്ടർ പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളയുന്ന ജോലികൾ തുടരുകയാണ്.
കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സംഘങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പറഞ്ഞു. മേഘാലയ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയിലാണ് അപകടം സംഭവിച്ച കല്‍ക്കരി ഖനി സ്ഥിതിചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടക്കുകയും കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ച് ചെല്ലുന്നതുമായ ഖനനരീതിയാണ് ഇവിടങ്ങളിലുള്ളത്. റാറ്റ് ഹോള്‍ മൈനിംഗ് എന്ന പേരിലറിയപ്പെടുന്ന ഇത്തരം ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്.