വാഗമണ്‍ റോഡില്‍ കൂറ്റന്‍ കല്ലുകള്‍ പതിച്ചു
Monday, January 6, 2025 8:58 PM IST
ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം മലമുകളില്‍ നിന്നും കൂറ്റന്‍ കല്ലുകള്‍ റോഡിലേയ്ക്ക് ഉരുണ്ടുവീണു. ഈ സമയത്ത് വാഹനങ്ങള്‍ ഒന്നും റോഡില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ ഉയരത്തിൽ നിന്നും താഴേയ്ക്ക് പതിച്ച കല്ലുകൾ പല കഷ്ണങ്ങളായി ചിതറി.
കാരികാട് ടോപ്പിന് താഴെ ഭാഗത്ത് കുറ്റിയാലപ്പുഴ റിസോര്‍ട്ടിന് സമീപത്താണ് സംഭവമുണ്ടായത്. കല്ലുകൾ വീണതിനാൽ സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് കല്ലുകൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കഴിഞ്ഞ മഴക്കാലത്തും സമാനരീതിയിൽ വലിയ പാറ റോഡിലേക്ക് വീണിരുന്നു. വാഗമൺ റോഡ് ദീർഘകാലം അടച്ചിട്ട് കല്ലുകൾ പൊട്ടിച്ച് മാറ്റിയാണ് വീതി കൂട്ടി നവീകരിച്ചത്. ഇതിന് ശേഷമാണ് പാറകൾ അടർന്നു വീഴുന്ന സംഭവം തുടർച്ചയായി ഉണ്ടാകുന്നത്.
ഇത്തരം സംഭവങ്ങൾ തുടർക്കഥയാകുന്നതിനാൽ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.