കായികമേളയിൽ വിലക്ക്; ബാലാവകാശ കമ്മീഷൻ റിപ്പോർട്ടുതേടി
Monday, January 6, 2025 8:23 PM IST
തിരുവനന്തപുരം : തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളെ സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്നും വിലക്കിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ടുതേടി.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. സ്കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്.
കായികമേളയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയതോടെ ദേശീയ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനുള്ള അവസരം ഇവർക്ക് നഷ്ടമാകും. 15 ദിവസത്തിനകം റിപ്പോർട്ട് ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
എറണാകുളത്ത് നടന്ന സ്കൂൾ കായിക മേളയിൽ ഉണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായാണ് തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകളെ വിലക്കിയത്.