എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പിലെ കാര്യങ്ങൾ ഗൗരവതരം; തെറ്റുകാരനെങ്കിൽ ഏത് കൊമ്പനെതിരേയും നടപടി: കെ. സുധാകരൻ
Monday, January 6, 2025 7:56 PM IST
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഡിസിസി ട്രഷററുടെ കത്ത് കിട്ടിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. എന്നാൽ കത്ത് വായിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ഗൗരവതരമായ കാര്യങ്ങളാണ് പുറത്തുവന്നത്. തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ ഏത് കൊമ്പനെതിരേയും നടപടിയുണ്ടാകുമെന്ന് സുധാകരൻ പറഞ്ഞു.
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നത്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെയും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെയും പേരുകൾ കുറിപ്പിലുണ്ട്.
ബാങ്ക് നിയമനത്തിന് പണം വാങ്ങിയതിന്റെ കടം തീർക്കാൻ കഴിയാത്തതിന്റെ മാനസിക സംഘർഷമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പരാമർശമുണ്ട്.
ആറ് പേജുള്ള ആത്മഹത്യ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്.