അൻവർ ഉടൻ പുറത്തിറങ്ങും; മോചന ഉത്തരവ് ലഭിച്ചെന്ന് ജയിൽ സൂപ്രണ്ട്
Monday, January 6, 2025 7:26 PM IST
മലപ്പുറം: ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസിൽ റിമാൻഡിൽ ആയ നിലമ്പൂർ എംഎൽഎ പി.വി. അൻവർ ഉടൻ ജയിൽ മോചിതനാകും. അൻവറിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് മെയിൽ വഴി ലഭിച്ചതായി ജയിൽ സൂപ്രണ്ട് അറിയിച്ചു.
വൈകിട്ട് എട്ടോടെ അൻവർ പുറത്തിറങ്ങുമെന്നാണ് വിവരം. പുറത്തിറങ്ങുന്ന അൻവറിനെ സ്വീകരിക്കാനായി അനുയായികൾ ജയിലിനു മുന്നിൽ എത്തിയിട്ടുണ്ട്.
നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികള്‍.
ആദിവാസി യുവാവ് മണിയെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ വനംവകുപ്പ് ഓഫീസ് ആക്രമിച്ചിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് അൻവർ. സംഭവത്തിൽ 11 ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.