ഉമ തോമസ് വീണ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകർ പരിപാടി തുടർന്നു; മനുഷ്യത്വം എന്നൊന്നില്ലേ: ആഞ്ഞടിച്ച് ഹൈക്കോടതി
Monday, January 6, 2025 6:29 PM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. എംഎൽഎയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള്ള ബാധ്യത സംഘാടകര്‍ക്കുണ്ടായിരുന്നില്ലേ.
എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ മനുഷ്യരുടെ ഗതിയെന്താണ്. അരമണിക്കൂര്‍ പരിപാടി നിര്‍ത്തിവെച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു.
ഒരാൾ വീണ് തലയ്ക്ക് പരിക്കേറ്റു കിടക്കുമ്പോഴും പരിപാടി തുടർന്നു. ഉമ തോമസിനെ ആശുപത്രിയിൽ എത്തിക്കുന്നത് വരെ എങ്കിലും കാത്തിരിക്കാമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.