മദ്യം നൽകിയ ശേഷം യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; അഞ്ചംഗ സംഘം പിടിയിൽ
Monday, January 6, 2025 4:58 PM IST
തിരുവനന്തപുരം: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘം പിടിയിൽ. നെടുമങ്ങാട് പനവൂർ ആണ് സംഭവം. അഖിൽ ( 32), സൂരജ് (28), മിഥുൻ (28), വിമൽ (25), അനന്തൻ (24 ) എന്നിവരാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് പിടിയിലായവർ.
നിരോധിത ഗുളികകളുമായാണ് ഇവരെ പോലീസ് പിടികൂടിയത്. മൂന്നു ബൈക്കും മാരകായുധങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
പൂവത്തൂർ സ്വദേശി സുജിത്തിനെ മദ്യം നൽകിയ ശേഷം സംഘം ബൈക്കുകളിൽ വന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇയാളുടെ കൈയിൽ ഉണ്ടായിരുന്ന 15,000 രൂപ കവർന്നെന്നാണ് കേസ്.