നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് എംബസി
Monday, January 6, 2025 3:58 PM IST
ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് വധശിക്ഷ അംഗീകരിച്ചതെന്ന് ഡൽഹിയിലെ യെമൻ എംബസി അറിയിച്ചു.
ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ഇത് യെമൻ പ്രസിഡന്റ് ശരിവച്ചെന്നുമുള്ള വിവരങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യെമൻ എംബസിയുടെ വിശദീകരണം.
നിമിഷ പ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. നിമിഷ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നത് ഹൂതി നിയന്ത്രണമേഖലയിലാണെന്നും എംബസി വ്യക്തമാക്കി.