ഷേഖ് ഹസീനയ്ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട്
Monday, January 6, 2025 3:14 PM IST
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനക്കെതിരെ വീണ്ടും അറസ്റ്റ് വാറന്റ്. ബംഗ്ലാദേശ് ഇന്റർനാഷണല്‍ ക്രൈംസ് ട്രൈബ്യൂണലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹസീനയുടെ മുൻ പ്രതിരോധ ഉപദേഷ്ടാവ് താരീഖ് അഹ്മദ് സിദ്ദീഖ്, മുൻ ഐജിപി ബേനസീർ അഹ്മദ് എന്നിവരടക്കം പത്ത് പേർക്കെതിരെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ബംഗ്ലാദേശിലെ നിയമവിരുദ്ധ കൊലപാതകങ്ങളും രാജ്യത്ത് നിന്ന് മാറിനിൽക്കുന്നതിനുമാണ് ഇവർക്കെതിരെ അറസ്റ്റ് വാറണ്ട്. ഇവർക്കെതിരെ ഒക്ടോബറിലെ അറസ്റ്റ് വാറണ്ട് നിലനിൽക്കെയാണ്, ജസ്റ്റീസ് മുഹമ്മദ് ഗുലാം മൊർത്തുസ മജുംദാറിന്റെ അധ്യക്ഷതയിലുള്ള ട്രൈബ്യൂണൽ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ഫെബ്രുവരി 12നകം ഷേഖ് ഹസീനയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ഉത്തരവ്. കഴിഞ്ഞ ഒക്ടോബറിൽ ഹസീനയടക്കും 46 പേർക്കെതിരെ ട്രൈബ്യൂണൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്നും രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു. ഹസീന കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് പലായനം ചെയ്തതായുള്ള റിപ്പോർട്ടുകൾക്ക് ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.