എച്ച്എംപിവി: ഭീതിയോ ആശങ്കയോ വേണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ
Monday, January 6, 2025 12:45 PM IST
തിരുവനന്തപുരം: എച്ച്എംപിവി വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നടപടികളും മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന ദീപികയോടു പറഞ്ഞു.
ഈ വൈറസ് 2023 ലും 2024 ലും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംശയമുള്ളവരുടെ സാന്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. രോഗം ഇതുവരെയ്ക്കും ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു.
എവിടെയെങ്കിലും ക്ലസ്റ്ററിംഗ് കണ്ടാൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും ഏർപ്പെടുത്തുമെന്നും ഡയറക്ടർ വ്യക്തമാക്കി.
ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന സംവിധാനം കേരളത്തിൽ സജ്ജമാണ്. ഭീതിയുടെയും ആശങ്കയുടെയും ആവശ്യമില്ലെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.