"വലിയ ഭാരമുണ്ട്, എങ്കിലും വിഷമങ്ങളില്ല': വൈറ്റ് ബോൾ ക്രിക്കറ്റിനോടു വിടപറഞ്ഞ് ഋഷി ധവാൻ
Monday, January 6, 2025 12:36 PM IST
ഷിംല: ഇന്ത്യൻ മുൻ ഓൾറൗണ്ടർ ഋഷി ധവാൻ പരിമിത ഓവർ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശ് നോക്കൗട്ട് സ്റ്റേജിൽ പ്രവേശിക്കാതെ പുറത്തായതിന് പിന്നാലെയാണ് 34 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. അതേസമയം, രഞ്ജി അടക്കമുള്ള റെഡ് ബോള്‍ ക്രിക്കറ്റില്‍ ഹിമാചല്‍പ്രദേശിനു വേണ്ടി താരം തുടര്‍ന്നും കളിക്കും.
ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഈ തീരുമാനമെടുക്കുമ്പോൾ മനസിൽ വലിയ ഭാരമുണ്ട്. എങ്കിലും വിഷമങ്ങളില്ല. കഴിഞ്ഞ 20 വർഷമായി ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമാണ്. ക്രിക്കറ്റ് നൽകിയ സന്തോഷവും ഓർമയും എക്കാലവും ഹൃദയത്തിൽ ഉണ്ടാകുമെന്നും ഋഷി ധവാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
രാജ്യത്തെ പ്രതിനിധീകരിക്കാൻ ലഭിച്ച അവസരം വലുതാണ്. ഓരോ ദിവസവും ഉണരുന്നത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടായിരുന്നു. തന്റെ എല്ലാ പരിശീലകർക്കും ഉപദേശകർക്കും സഹതാരങ്ങൾക്കും സഹപരിശീലകർക്കും നന്ദി പറയുന്നു. അവരുടെ സംഭാവനകളാണ് തന്റെ കരിയറിനെ ബലപ്പെടുത്തിയതെന്നും താരം വ്യക്തമാക്കി.
എം.എസ്. ധോണിയുടെ കീഴിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച ധവാൻ ഇന്ത്യക്കായി മൂന്ന് ഏകദിനവും ഒരു ട്വന്റി20യുമാണ് കളിച്ചിട്ടുള്ളത്. 2016ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിലായിരുന്നു ഋഷി ധവാൻ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇതേ വർഷം തന്നെ സിംബാബ്വെയ്ക്കെതിരെ ട്വന്റി20യിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് അദ്ദേഹത്തിന് ടീമിൽ ഇടംകണ്ടെത്താനായില്ല.
ഏകദിനത്തിലും ട്വന്റി20യിലും ഓരോ വിക്കറ്റുകൾ താരം സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ്, കോൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം. എന്നാൽ കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിൽ താരം അൺസോൾഡ് ആയിരുന്നു.