രാജ്യത്ത് രണ്ട് എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു; ഒരാള്‍ ആശുപത്രി വിട്ടു
Monday, January 6, 2025 12:32 PM IST
ബംഗളൂരു: ചൈനയില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്(എച്ച്എംപിവി) ബംഗളൂരുവില്‍ രണ്ട് പേർക്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്ന് മാസം പ്രായമുള്ള പെണ്‍കുട്ടിക്കും എട്ട് മാസം പ്രായമുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പതിവ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രണ്ട് കുട്ടികൾക്കും വിദേശയാത്രാ പശ്ചാത്തലമില്ല.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് രോഗമുക്തയായി ആശുപത്രി വിട്ടു. എട്ട് മാസം പ്രായമുള്ള കുട്ടി ചികിത്സയില്‍ തുടരുകയാണ്. ബംഗളൂരുവിലെ ബാപ്പ്റ്റിസ്റ്റ് ആശുപത്രിയിലാണ് ഇരുവർക്കും ചികിത്സ നൽകിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.