മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പുനഃപരിശോധനാ ഹര്‍ജി ഇന്നു വീണ്ടും ഹൈക്കോടതിയിൽ
Monday, January 6, 2025 11:52 AM IST
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് ഒക്ടോബര്‍ അഞ്ചിനാണ് വിചാരണക്കോടതി ഉത്തരവുണ്ടായത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി പത്രിക നല്കിയ ബിഎസ്പിയിലെ കെ. സുന്ദരയെ സുരേന്ദ്രന്റെ അനുയായികള്‍ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8,300 രൂപയുടെ മൊബൈല്‍ ഫോണും കോഴ നല്കി അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിച്ചെന്നുമാണ് കേസ്.
സാക്ഷിയായ സുന്ദരയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസര്‍ഗോഡ് കോടതി കെ. സുരേന്ദ്രനെയടക്കം വെറുതെ വിട്ടത്. എന്നാല്‍, അധികാര പരിധി ലംഘിക്കുന്ന ഉത്തരവാണ് കോടതിയില്‍ നിന്നുണ്ടായതെന്നാണ് സര്‍ക്കാര്‍ വാദം.