ബിപിഎസ്സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം; പ്രശാന്ത് കിഷോർ അറസ്റ്റിൽ
Monday, January 6, 2025 10:35 AM IST
പാറ്റ്ന: ബിപിഎസ്സി പരീക്ഷാ ക്രമക്കേടിനെതിരെ പാറ്റ്നയിലെ ഗാന്ധി മൈതാനിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അറസ്റ്റിൽ. പുലർച്ചെ നാലോടെയാണ് പോലീസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനൊപ്പം നിരാഹാരമിരുന്ന ഏതാനും പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
നേരത്തെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം ചെറുത്ത പ്രശാന്ത് കിഷോർ, മരണം വരെ നിരാഹാരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പാറ്റ്ന പോലീസിന്റെ വൻ സംഘം എത്തിയാണ് പ്രശാന്ത് കിഷോറിനെ ഗാന്ധി മൈതാനിയിൽ നിന്ന് മാറ്റിയത്.
പോലീസ് ബലം പ്രയോഗിച്ച് ആംബുലൻസിൽ കയറ്റി കൊണ്ടുപോയി എന്നാണ് പ്രശാന്ത് കിഷോറിനൊപ്പമുണ്ടായിരുന്ന അനുയായികൾ പറയുന്നത്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പോലീസിന്റെ വാദം.
ബിഹാർ പബ്ലിക്ക് സർവീസ് കമ്മീഷന്റെ എഴുപതാം പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ജനുവരി രണ്ട് മുതലാണ് പ്രശാന്ത് കിഷോർ മരണം വരെ നിരാഹാരം സമരം ആരംഭിച്ചത്. ബിപിഎസ്സി പരീക്ഷയിലെ ക്രമക്കേടിലും വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും പ്രതിഷേധിച്ചായിരുന്നു ഉപവാസം.