ആലപ്പുഴയിൽ സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ അക്രമം നടത്തിയ ഗുണ്ടാ നേതാവ് അറസ്റ്റിൽ
Sunday, January 5, 2025 11:09 PM IST
ആലപ്പുഴ: നൂറനാട് സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ അക്രമം നടത്തിയ ഗുണ്ടാ നേതാവ് അറസ്റ്റിൽ. പാലമേൽ ആദിക്കാട്ടുകുളങ്ങര കുറ്റിപറമ്പിൽ വീട്ടിൽ ഹാഷിം (35) ആണ് അറസ്റ്റിലായത്.
മദ്യ ലഹരിയില്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഇയാള്‍ ഭക്ഷണം വിളമ്പിക്കൊടുത്ത ചെറുപ്പക്കാരനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ച ഹോട്ടല്‍ ഉടമയായ സ്ത്രീയെ ക്രൂരമായി മർദിക്കുകയും ചെയ്തു.
അതിക്രമത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച ഇയാളെ നൂറനാട് എസ്ഐ നിതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കി. 2006 മുതൽ നൂറനാട്, അടൂർ, ശാസ്താംകോട്ട തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ 22 ഓളം കേസുകളിൽ ഇയാള്‍ പ്രതിയാണ്.