പെരിയ കൊലക്കേസ് പ്രതികളെ കണ്ണൂർ ജയിലിലെത്തിച്ചു; പി.ജയരാജൻ പ്രതികളെ ജയിലിലെത്തി കണ്ടു
Sunday, January 5, 2025 6:00 PM IST
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപത് പ്രതികളെയും കണ്ണൂർ ജയിലിലെത്തിച്ചു. വിയ്യൂർ അതീവ സുരക്ഷാജയിലിൽ നിന്നാണ് ഇവരെ മാറ്റിയത്.
കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കണ്ണൂരിലെത്തിച്ചത്. വിചാരണ കോടതിയായ കൊച്ചി സിബിഐ കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ജയിൽ മാറ്റം. ബന്ധുക്കൾക്കടക്കം വന്നുകാണാൻ കണ്ണൂരിലേക്ക് മാറ്റണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു, ഇത് വിചാരണ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് പ്രതികളെ കണ്ണൂരിലേക്ക് മാറ്റിയത്.
പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ ജയിലിന് മുന്നിൽ എത്തിച്ചേർന്നിരുന്നു. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നായിരുന്നു ജയരാജന്റെ പ്രതികരണം.
സിപിഎംകാർ കൊല്ലപ്പെടുമ്പോൾ ധാർമിക ബോധം കാശിക്കുപോയോ എന്നും കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണയെന്നും ജയരാജൻ ചോദിച്ചു. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ ജയിലിന് പുറത്തുണ്ടായിരുന്നു.