മുഖ്യമന്ത്രിയെ മുസ്ലീം ലീഗ് നിശ്ചയിച്ച് നൽകാറില്ല: എം.കെ.മുനീർ
Sunday, January 5, 2025 4:41 PM IST
കോഴിക്കോട്: മുഖ്യമന്ത്രിയെ മുസ്ലീം ലീഗ് നിശ്ചയിച്ച് നൽകാറില്ലെന്ന് മുതിർന്ന നേതാവ് എം.കെ.മുനീർ. അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല എന്നും മുഖ്യമന്ത്രിപദവിയേക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്നുന്നും അദ്ദേഹം പറഞ്ഞു.
"തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വർഷമുണ്ട്. ഇപ്പോൾ മുഖ്യമന്ത്രി പദവിയെക്കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല. ആരെയെങ്കിലും പുകഴ്ത്തിയത് കൊണ്ട് തീരുമാനത്തിൽ എത്തി എന്ന് പറയാൻ ആകില്ല.ജാമിയ നൂരിയയുടെ പരിപാടിയിൽ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്.'-എം.കെ.മുനീർ പറഞ്ഞു.
മുന്നണി വിപുലീകരണത്തിന് നിലവിൽ ചർച്ച നടത്തിയിട്ടില്ലെന്നും അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണെന്നും മുനീർ വ്യക്തമാക്കി. ഏതെങ്കിലും പാർട്ടിയുമായി ചർച്ച നടത്താൻ ചുമതലപ്പെടുത്തിയാൽ ലീഗ് അത് നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ച് ചായ കുടിക്കാൻ ഇരുന്നാലും നിഗൂഢ ചർച്ചകൾ നടന്നു എന്ന് വാർത്തകൾ വരുന്നു.മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ട് വരാൻ ലീഗിന് ഒറ്റയ്ക്ക് ആകില്ല.മുന്നണി കൂട്ടായി ഇരുന്നു ആലോചിക്കേണ്ട കാര്യമാണതെന്നും അദ്ദേഹം പറഞ്ഞു.
"ജമാ അത്തെ ഇസ്ലാമിയുമായി ബന്ധം ഉണ്ടാക്കിയിരുന്നത് സിപിഎമ്മാണ്.രാജ്യത്ത് ഉള്ളവർക്കെല്ലാം അൽഷിമേഴ്സ് ബാധിച്ചിട്ടില്ല.എൽഡിഎഫ് ജമാത്തെ ഇസ്ലാമി ബന്ധം ചരിത്രത്തിൽ നിന്നു മായില്ല.എസ്ഡിപിഐ യുമായി ബന്ധം സ്ഥാപിച്ചതും എൽഡിഎഫ്.ആണ്.പിണറായി വിജയൻ വാലിന് തീ പിടിച്ച പോലെ ഓടുന്നു.'-എം.കെ.മുനീർ പറഞ്ഞു.