രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയിൽ; ജാമിഅ നൂരിയ സമ്മേളനത്തിൽ പങ്കെടുക്കും
Saturday, January 4, 2025 9:29 AM IST
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅ നൂരിയയുടെ 60-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ 'ഗരീബ് നവാസ്'എന്ന സെഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ. മുനീർ ആണ് അധ്യക്ഷൻ. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളാണ് ജാമിഅ നൂരിയയുടെ പ്രസിഡന്റ്.
കഴിഞ്ഞ വർഷത്തെ ജാമിഅഃ നൂരിയ വാർഷിക സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ സതീശനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടില്ല.
എൻഎസ്എസ്, എസ്എൻഡിപി സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയതിനു പിന്നാലെയാണ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്. നേരത്തെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളിൽ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു.
ഈമാസം 11ന് നടക്കുന്ന മഞ്ചേരി ജാമിഅ ഇസ്ലാമിയ്യയുടെ 35-ാം വാർഷിക സമ്മേളനത്തിലെ മുഖ്യാതിഥിയും രമേശ് ചെന്നിത്തലയാണ്. വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.