"ഒരിടത്തും പോകുന്നില്ല, ഒരു മത്സരത്തിൽ നിന്ന് മാറിനിന്നു; വിരമിക്കൽ തീരുമാനിക്കേണ്ടത് ഞാൻ': രോഹിത് ശർമ
Saturday, January 4, 2025 8:45 AM IST
സിഡ്നി: ഓസ്ട്രേലിയൻ പരമ്പരയിലെ അവസാന ടെസ്റ്റിൽ മാറിനില്‍ക്കുന്നതിനു പിന്നാലെ തന്റെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ. നിലവിൽ താൻ വിരമിച്ചിട്ടില്ലെന്നും ഈ ടെസ്റ്റ് മത്സരത്തിൽ നിന്നും മാത്രമാണ് മാറിനിൽക്കുന്നതെന്നും താരം സിഡ്നിയിൽ പറഞ്ഞു.
നിലവിൽ മോശം ഫോമിൽ തുടരുന്നതിനാൽ മാത്രമാണ് താൻ അഞ്ചാം ടെസ്റ്റിൽ നിന്ന് മാറിനില്‍ക്കുന്നത് എന്ന് രോഹിത് ശർമ പറഞ്ഞു. ഇപ്പോൾ വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാൻ തനിക്ക് സാധിക്കുന്നില്ല. എന്നാൽ അഞ്ചു മാസങ്ങൾക്ക് ശേഷം ഇത്തരത്തിൽ ആയിരിക്കില്ല താൻ കളിക്കുന്നത്. താൻ കഠിനപ്രയത്നങ്ങളിൽ ഏർപ്പെടുകയാണ്. ലാപ്ടോപ്പും പേനയും പേപ്പറുമായി പുറത്തിരിക്കുന്ന ആളുകളല്ല തന്റെ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ആ തീരുമാനം താൻ കൈക്കൊള്ളേണ്ടതാണെന്നും രോഹിത് ശർമ കൂട്ടിച്ചേർത്തു.
അഞ്ചാം ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നില്ലെങ്കിലും ഇന്ത്യൻ ടീമിനൊപ്പം ഡ്രസിംഗ് റൂമിൽ സമയം ചിലവഴിക്കാൻ രോഹിത് ശർമ തീരുമാനിച്ചിരുന്നു. തുടർന്ന് രണ്ടാം ദിനം ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ സ്റ്റാർ സ്പോർട്സിൽ അവതാരകരായ ഇർഫാൻ പഠാൻ, ജാട്ടിൻ സാപ്രു എന്നിവരുമായി സംസാരിക്കുമ്പോഴാണ് രോഹിത് ഇക്കാര്യം അറിയിച്ചത്.
"സിഡ്നി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെക്കുറിച്ച് കോച്ചുമായും സെലക്ടര്‍മാരുമായും ചര്‍ച്ച നടത്തിയിരുന്നു. ഞാന്‍ ഫോമിലല്ല, ഇതൊരു പ്രധാന മത്സരമാണ്, ഞങ്ങള്‍ക്ക് ഫോമിലുള്ള ഒരു കളിക്കാരനെ വേണം. ടീമിനാണ് എപ്പോഴും മുന്‍ഗണന നല്‍കേണ്ടത്. അത്രയാണ് ഞാനും ചെയ്തത്. '- രോഹിത് പറഞ്ഞു.
രോഹിതിന്റെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് സിഡ്നിയില്‍ ഇന്ത്യയെ നയിക്കുന്നത്. പെര്‍ത്തില്‍, ആദ്യ ടെസ്റ്റിലും ബുംറയായിരുന്നു ഇന്ത്യയുടെ നായകൻ. രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് ടീമിനൊപ്പം ചേരുന്നത്. എന്നാല്‍ അഞ്ച് ഇന്നിംഗ്സുകളില്‍ പത്ത് റണ്‍സിനപ്പുറമുള്ള ഒരു സ്കോര്‍ നേടാന്‍ രോഹിത്തിന് സാധിച്ചില്ല.