ഷാരോണ്‍ വധക്കേസ്: വാദം പൂര്‍ത്തിയായി; വിധി 17 ന്
Saturday, January 4, 2025 1:32 AM IST
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിൽ 17 ന് വിധി പ്രസ്താവിക്കും. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായി.
മൂന്ന് ദിവസങ്ങളിലായി നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രണയബന്ധത്തിൽനിന്നു പിന്മാറാത്തതാണ് കൊലപാതത്തിൽ കലാശിച്ചത്. ഗ്രീഷ്മക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ്.വിനീത് കുമാര്‍ വാദിച്ചു.
ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവും മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ അമ്മാവനുമായി നിര്‍മ്മലകുമാരന്‍ നായരും തെളിവു നശിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു.