20 കോച്ചുകളുള്ള വന്ദേഭാരത് റേക്ക് കൊച്ചുവേളിയിലെത്തി
Friday, January 3, 2025 8:12 PM IST
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ 20 കോച്ചുകളുള്ള പുതിയ റേക്ക് തിരുവനന്തപുരത്ത് എത്തി. വ്യാഴാഴ്ച വൈകുന്നേരം കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്) സ്റ്റേഷനിലാണ് കോച്ചുകൾ എത്തിച്ചത്.
ചെന്നൈയിൽ നിന്നാണ് ഓറഞ്ച് നിറത്തിലുള്ള പുതിയ കോച്ചുകൾ കൊച്ചുവേളിയിൽ എത്തിച്ചിട്ടുള്ളത്. 16 കോച്ചുകളുള്ള തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസിന് (വെള്ള നിറത്തിലെ കോച്ചുകൾ) പകരം ഓടിക്കാനായാണ് പുതിയ കോച്ചുകൾ എത്തിച്ചിട്ടുള്ളത്.
നിലവിലെ 16 കോച്ചുകളിൽ നിന്ന് 20 കോച്ചുകളിലേക്ക് മാറുമ്പോൾ സീറ്റുകൾ 312 എണ്ണം കൂടി വർധിച്ച് 1328 ആകും. പുതിയ കോച്ചുകൾ സമീപ ദിവസങ്ങളിൽ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അതിനു ശേഷം സ്ഥിരമായി സർവീസ് നടത്തുന്ന തീയതി പ്രഖ്യാപിക്കും.