പെരിയ കേസിലെ വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കും: എം.വി. ബാലകൃഷ്ണൻ
Friday, January 3, 2025 7:29 PM IST
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ വിധിക്കെതിരേ മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ. കെ.വി. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ എന്നിവരേ പ്രതിചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് കോടതി വിധിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.
ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികളായ എ.പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി.ജോർജ്, കെ.എം.സുരേഷ്, കെ.അനിൽകുമാർ (അബു), ഗിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി), 10-ാം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15–ാം പ്രതി എ.സുരേന്ദ്രൻ (വിഷ്ണു സുര) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവര്‍ രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം.
20-ാം പ്രതി സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമന്,14–ാം പ്രതി കെ. മണികണ്ഠൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവർക്ക് അഞ്ച് വര്‍ഷം തടവും വിധിച്ചു. ഇവര്‍ക്ക് 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.10 പ്രതികളെ കുറ്റവിമുക്തരാക്കി.
ഒന്നാം പ്രതി എ.പീതാംബരൻ ഉൾപ്പെടെ 10 പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ നാലു പ്രതികൾക്കെതിരെ പോലീസ് കസ്റ്റഡിയിൽ നിന്നു പ്രതിയെ കടത്തിക്കൊണ്ടു പോയെന്ന കുറ്റമാണ് ചുമത്തിയിരുന്നത്.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.