കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടി: മൃദംഗ വിഷന്റെ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം
Friday, January 3, 2025 7:15 PM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട നടത്തിയ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ ഗാലറിയില്‍നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ മൃദംഗ വിഷന്റെ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മൃദംഗ വിഷന്റെ ഒരു ബാങ്ക് ഇന്നലെ പോലീസ് മരവിപ്പിക്കുകയുണ്ടായി. ഇതില്‍ 38 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. സംഘടനയുടെ മറ്റ് അക്കൗണ്ടുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതു പരിശോധിച്ചു വരുകയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
അതേസമയം, ഇന്നലെ അറസ്റ്റിലായ കേസിലെ ഒന്നാം പ്രതി മൃദംഗ വിഷന്‍ എംഡി എം. നിഗോഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായും സൂചനയുണ്ട്. കേസില്‍ നിഗോഷ് കുമാര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം കീഴടങ്ങുകയായിരുന്നു.
തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക വഞ്ചനാ കുറ്റത്തില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്കുശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.