ഡൽഹിയിൽ ബിജെപിക്ക് മുഖ്യമന്ത്രി സ്ഥാനാർഥി പോലുമില്ല: അതിഷി
Friday, January 3, 2025 6:26 PM IST
ന്യൂഡൽഹി: ഈ വർഷം ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആരെയും മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തിക്കാട്ടാനായിട്ടില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ അജണ്ട പോലും ഇല്ലെന്നും അവർ പരിഹസിച്ചു.
കേന്ദ്ര ഭരണമുണ്ടായിട്ടും ഡൽഹിയുടെ വികസനത്തിനായി ഒന്നും ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നും അതിഷി കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവർക്ക് സാധിച്ചിട്ടില്ലെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹിയിൽ ആംആദ്മി പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും അതിഷി അവകാശപ്പെട്ടു. മികച്ച വിജയം തന്നെയായിരിക്കും പാർട്ടിക്ക് ലഭിക്കുകയെന്നും അവർ പറഞ്ഞു.
ഡൽഹിയിലെ വിദ്യാഭ്യാസ മേഖലയെ ആംആദ്മി പാർട്ടി സർക്കാർ തകർത്തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി. വിദ്യാഭ്യാസ മേഖലയ്ക്കായി കേന്ദ്ര സർക്കാർ അനുവദിച്ച പണത്തിന്റെ പകുതി പോലും ആംആദ്മി സർക്കാർ വിനിയോഗിച്ചില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.