വിജയ് ഹസാരെ ട്രോഫി: ത്രിപുരയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം
Friday, January 3, 2025 5:03 PM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. 145 റൺസിനാണ് കേരളം ത്രിപുരയെ തകർത്തത്.
കേരളം ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ത്രിപുര 182 റൺസിന് പുറത്തായി. 78 റൺസെടുത്ത നായകൻ മൻദീപ് സിംഗിന് മാത്രമാണ് തിളങ്ങാനായത്. കേരളത്തിന് വേണ്ടി എം.ഡി. നിതീഷും ആദിത്യ സർവതേയും മൂന്ന് വിക്കറ്റ് വീതം എടുത്തു.
ജലജ് സക്സേനയും ബേസിൽ തന്പിയും ഓരോ വിക്കറ്റ് വീതം വീതം വീഴ്ത്തി. ത്രിപുരയുടെ രണ്ട് ബാറ്റർമാർ റൺഔട്ടായി. ആദ്യം ബാറ്റ് ചെയ്ത കേരളം അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 327 റൺസെടുത്തത്.
കൃഷ്ണപ്രസാദിന്റെ തകർപ്പൻ സെഞ്ചുറിയും (135) രോഹൻ കുന്നുമ്മൽ (57), സൽമാൻ നിസാർ (പുറത്താകാതെ 42) എന്നിവരുടെ മികച്ച ഇന്നിംഗ്സുമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
ത്രിപുരയ്ക്കു വേണ്ടി അർജുൻ ദേബ്നാഥ് രണ്ടും മുറ സിംഗ്, ഭട്ടാചാർജി, മൻദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.