അവര്‍ കമ്മ്യൂണിസ്റ്റുകാരല്ലേ; പെരിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ സന്ദർശിച്ച് സി.എന്‍.മോഹനന്
Friday, January 3, 2025 3:29 PM IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയില്‍ എത്തി കണ്ട് എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്. പെരിയ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കാണാനെത്തിയതാണ് താന്‍. അവര്‍ കമ്മ്യൂണിസ്റ്റുകാരല്ലേയെന്ന് മോഹനന് ചോദിച്ചു.
കേസില്‍ അപ്പീല്‍ പോകുന്ന കാര്യം സിപിഎം കാസര്‍ഗോഡ് ജില്ലാ നേതൃത്വം തീരുമാനിക്കും. ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം പാര്‍ട്ടി ഉണ്ടല്ലോയെന്നും മോഹനന് പറഞ്ഞു.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കം നാല് പേർക്ക് അഞ്ച് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു.