വെടിക്കെട്ട് സെഞ്ചുറിയുമായി കൃഷ്ണപ്രസാദ്; കേരളത്തിനെതിരേ ത്രിപുരയ്ക്ക് ജയിക്കാൻ 328
Friday, January 3, 2025 1:07 PM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരേ ത്രിപുരയ്ക്ക് 328 റൺസ് വിജയലക്ഷ്യം. ഹൈദരാബാദില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു.
കൃഷ്ണപ്രസാദിന്റെ തകർപ്പൻ സെഞ്ചുറിയും (135) രോഹൻ കുന്നുമ്മൽ (57), സൽമാൻ നിസാർ (പുറത്താകാതെ 42) എന്നിവരുടെ മികച്ച ഇന്നിംഗ്സുമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
സഞ്ജു സാംസണിനു പുറമേ അഹമ്മദ് ഇമ്രാന്, ഷോണ്‍ റോജര്‍ എന്നിവരില്ലാതെയാണ് ഇന്ന് കേരളം ഇറങ്ങിയത്. പകരം കൃഷ്ണപ്രസാദ്, ആനന്ദ് എന്നിവര്‍ ടീമിലെത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും (22) രോഹൻ കുന്നുമ്മലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് ചേര്‍ത്തു.
എന്നാൽ 12-ാം ഓവറിൽ ആനന്ദിനെ പുറത്താക്കി അര്ജുന് ദേബ്നാഥ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ക്രീസിൽ ഒന്നിച്ച കൃഷ്ണപ്രസാദും രോഹനും ചേർന്ന് തകർത്തടിച്ചതോടെ കേരളത്തിന്റെ സ്കോർ ഉയർന്നു. ഇരുവരും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ അർധസെഞ്ചുറിക്കു പിന്നാലെ രോഹൻ പുറത്തായി. 66 പന്തിൽ ആറു ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു രോഹൻ കുന്നുമ്മലിന്റെ 57 റൺസ്.
തുടർന്ന് കൃഷ്ണപ്രസാദ് - അസ്ഹറുദ്ദീന് സഖ്യം ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. എന്നാൽ സ്കോർ 177ൽ നില്‍ക്കെ അസ്ഹറുദ്ദീൻ പുറത്തായി. സ്കോർ ഇരുന്നൂറു കടന്നതിനു പിന്നാലെ അബ്ദുൾ ബാസിതിന്റെ (ഒമ്പത്) വിക്കറ്റ് നഷ്ടമായതോടെ കേരളത്തിന്റെ ഇന്നിംഗ്സ് വേഗം കുറഞ്ഞു.
പിന്നാലെ, കൃഷ്ണപ്രദാസും സൽമാൻ നിസാറും ചേർന്ന് സ്കോർ ഉയർത്താൻ ആരംഭിച്ചു. ഇതിനിടെ കൃഷ്ണപ്രസാദ് തന്റെ സെഞ്ചുറിയും പൂർത്തിയാക്കി. 110 പന്തിൽ എട്ടു സിക്സറും ആറു ബൗണ്ടറികളും ഉൾപ്പെടെ 135 റൺസാണ് താരം അടിച്ചുകൂട്ടിയത്. കേരളത്തിന്റെ സ്കോർ 300 കടന്നതിനു തൊട്ടുപിന്നാലെ മുറ സിംഗിന്റെ പന്തിൽ കൃഷ്ണപ്രസാദ് പുറത്തായി.
തുടർന്ന് ഷറഫുദ്ദീനെ കൂട്ടുപിടിച്ച് സൽമാൻ നിസാർ സ്കോർ 327 വരെ എത്തിച്ചു. 34 പന്തിൽ ഒരു സിക്സറും മൂന്നു ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു സൽമാന്റെ ഇന്നിംഗ്സ്. ത്രിപുരയ്ക്കു വേണ്ടി അർജുൻ ദേബ്നാഥ് രണ്ടും മുറ സിംഗ്, ഭട്ടാചാർജി, മൻദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നിലവില്‍ ഗ്രൂപ്പ് ഇയില്‍ അവസാന സ്ഥാനത്താണ് കേരളം. നാല് മത്സരങ്ങളില്‍ നിന്ന് മൂന്നും തോറ്റ കേരളത്തിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഒരു മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.