പുതുവർഷക്കുതിപ്പ് തുടർന്ന് സ്വർണം; ഒറ്റയടിക്ക് കൂടിയത് 640 രൂപ; വീണ്ടും 58,000 കടന്നു
Friday, January 3, 2025 11:59 AM IST
കൊച്ചി: സംസ്ഥാനത്ത് പുതുവർഷദിനത്തിൽ ആരംഭിച്ച കുതിപ്പ് തുടർന്ന് സ്വർണം. പവന് ഒറ്റയടിക്ക് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവൻ സ്വര്‍ണത്തിന് 58,080 രൂപയിലും ഗ്രാമിന് 7,260 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 65 രൂപ ഉയർന്ന് 5,995 രൂപയിലെത്തി.
ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 320 രൂപയും വ്യാഴാഴ്ച 240 രൂപയും വർധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200 രൂപയാണ്.
ഡിസംബർ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് വില കൂടിയും കുറഞ്ഞും നിന്നു. 11ന് 58,280 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. 20 ന് 56,320 രൂപയായി താഴ്ന്നതാണ് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
രാജ്യാന്തര വിപണിയിലെ വിലവർധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞദിവസം വരെ ഔൺസിന് 2,624 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇന്ന് 2,664 ഡോളറിലേക്ക് കുതിച്ചുകയറി. രാജ്യാന്തരവിലയിലെ കുതിപ്പും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുമാണ് കേരളത്തിലും വില കൂടാനിടയാക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ വില 95 രൂപയാണ്.