ഒരു മാറ്റവുമില്ല! പതിവുപോലെ കോഹ്ലി പുറത്ത്; ഇന്ത്യയ്ക്ക് വീണ്ടും തകർച്ച, ബോളണ്ടിന് നാലുവിക്കറ്റ്
Friday, January 3, 2025 10:56 AM IST
സിഡ്നി: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വീണ്ടും ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലാണ് സന്ദർശകർ.
15 റൺസുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (10), കെ.എൽ. രാഹുൽ (നാല്), ശുഭ്മാൻ ഗിൽ (20), വിരാട് കോഹ്ലി (17), ഋഷഭ് പന്ത് (40), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഓസീസിന് വേണ്ടി സ്കോട്ട് ബോളണ്ട് 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലയൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് അഞ്ചാം ഓവറില്‍ തന്നെ രാഹുലിനെ നഷ്ടമായി. സ്റ്റാർക്കിന്റെ പന്തിൽ കോൺസ്റ്റാസ് പിടിച്ചു പുറത്താക്കുകയായിരുന്നു. പിന്നാലെ ജയ്സ്വാളും പവലിയനില്‍ തിരിച്ചെത്തിയതോടെ ഇന്ത്യ രണ്ടിന് 17 റൺസെന്ന നിലയിലായി.
തുടർന്ന് ക്രീസിൽ ഒന്നിച്ച ശുഭ്മൻ ഗില്ലും വിരാട് കോഹ്ലിയും ചേർന്ന് സ്കോർ 50 കടത്തി. എന്നാൽ ആദ്യ സെഷന്റെ അവസാന പന്തിൽ ലിയോണിനു വിക്കറ്റ് നല്കി ഗിൽ മടങ്ങി. പിന്നീട് കോഹ്ലിയും പന്തും ചേർന്ന് രക്ഷാപ്രർത്തനം ആരംഭിച്ചു. നേരത്തെ, നേരിട്ട ആദ്യ പന്തില്‍ തന്നെ കോലി കഷ്ടിച്ച് രക്ഷപ്പെട്ട കോഹ്ലി കടുത്ത പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് വീശിയത്.
എന്നാൽ സ്കോർ 72 റൺസിൽ നില്‍ക്കെ കോഹ്ലിയെ സ്കോട്ട് ബോളണ്ട് പുറത്താക്കി. പരമ്പരയില്‍ നാലാം തവണയാണ് ബോളണ്ട് കോഹ്ലിയെ മടക്കുന്നത്. ഇത്തവണവും ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ പന്തില്‍ ബാറ്റു വച്ച്, സ്ലിപ്പില്‍ വെബ്സ്റ്ററിനു ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങുന്നത്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ എട്ട് ഇന്നിംഗ്സില്‍ ഏഴ് തവണയും കോഹ്ലി പുറത്തായത് ഈ രീതിയിലാണ്.
തുടർന്ന് ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് ഇന്ത്യൻ സ്കോർ നൂറുകടത്തി. ഇരുവരും ചേർന്ന് 48 റൺസിന്റെ വിലപ്പെട്ട റൺസാണ് കൂട്ടിച്ചേർത്തത്. എന്നാൽ സ്കോർ 120ൽ നില്‍ക്കെ പന്തിനെ വീഴ്ത്തി ബോളണ്ട് കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തിൽ നിതീഷ് കുമാർ റെഡ്ഡിയെയും വീഴ്ത്തി ബോളണ്ട് ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. ഇതോടെ ആറിന് 120 റൺസെന്ന നിലയിലേക്ക് ഇന്ത്യ വീണു.