ശ്രീകണ്ഠാപുരം അപകടം; സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ
Wednesday, January 1, 2025 8:16 PM IST
കണ്ണൂര്‍: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബസ് ഡ്രൈവർ. സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീര്‍ന്നതാണെന്നും ഡ്രൈവര്‍ നിസാം പറഞ്ഞു.
ശ്രീകണ്ഠാപുരം - തളിപ്പറമ്പ് റോഡിലെ വളക്കൈ പാലത്തിന് സമീപത്തുള്ള ഇറക്കത്തിൽ വച്ച് ബസിന് നിയന്ത്രണം നഷ്ടമായി. പിന്നീട് ബസ് നിർത്താൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും നിസാം പറഞ്ഞു.
ബസിന്റെ ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. ഫിറ്റ്നസ് പുതുക്കാൻ പോയപ്പോള്‍ തകരാർ ചൂണ്ടികാട്ടിയാണ് ആര്‍ടിഒ മടക്കി അയച്ചത്. അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്.
ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നും നിസാം പറഞ്ഞു. അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.