വൈക്കത്തുനിന്ന് വേളാങ്കണ്ണി, ചെന്നൈ സർവീസുകൾ ആരംഭിച്ചു
Wednesday, January 1, 2025 7:38 PM IST
കോട്ടയം: വൈക്കത്തുനിന്ന് വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകൾ സർവീസ് ആരംഭിച്ചു. വൈകുന്നേരം അഞ്ചിന് വൈക്കം കെഎസ്ആർടിസി ഡിപ്പോയിൽ നടത്തിയ ചടങ്ങിൽ തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കറും മന്ത്രി കെ.ബി.ഗണേഷ് കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
വൈക്കം - ചെന്നൈ സർവീസ് വൈകുന്നേരം 3.30ന് പുറപ്പെട്ടു പിറ്റേന്നു രാവിലെ എട്ടിന് ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്നു വൈകുന്നേരം നാലിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് വൈക്കത്ത് എത്തും. കോട്ടയം, മുണ്ടക്കയം, കുമളി, തേനി, തിരുച്ചിറപ്പള്ളി, വില്ലുപുരം വഴിയാണു സർവീസ്.
വൈക്കം - വേളാങ്കണ്ണി ബസ് വൈകുന്നേരം നാലിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.45ന് വേളാങ്കണ്ണിയിൽ എത്തും. തിരികെ വൈകുന്നേരം 4.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8.15ന് വൈക്കത്ത് എത്തും. കോട്ടയം, ചങ്ങനാശേരി, അടൂർ, പുനലൂർ, ചെങ്കോട്ട, മധുര, തഞ്ചാവൂർ വഴിയാണു സർവീസ്.
വൈക്കത്തുനിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയുമാണ് നിരക്ക്. നാഗപട്ടണം ഡിപ്പോയിലെ രണ്ടു ബസുകളാണ് സർവീസ് നടത്തുന്നത്. www.tnstc.in എന്ന ഔദ്യോഗിക വെബ്സൈറ്റിലും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ഔദ്യോഗിക മൊബൈൽ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.