വയനാട്ടിൽ രണ്ട് ടൗൺഷിപ്പുകൾ; നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്
Wednesday, January 1, 2025 3:53 PM IST
തിരുവനന്തപുരം: വയനാട് മുണ്ടൈക്കെ, ചൂരല്‍മല പുനരധിവാസത്തിനായി രണ്ട് ടൗൺഷിപ്പുകൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 750 കോടി രൂപ മുടക്കി നിർമിക്കുന്ന വീടുകളുടെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്. കിഫ്കോണിന് ആണ് നിര്‍മാണ മേല്‍നോട്ടമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 25നകം ഗുണഭോക്താക്കളുടെ ലിസ്റ്റ് പുറത്തിറക്കും. രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗണ്‍ഷിപ്പുകൾ നിർമിക്കും. കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലും നെടുന്പാലയിലെ ടൗണ്‍ഷിപ്പിൽ പത്ത് സെന്റിലും വീടുകൾ നിർമിക്കും. ഭൂമിയുടെ വില അടിസ്ഥാനമാക്കിയാണ് അഞ്ച്, പത്ത് സെന്റുകൾ തീരുമാനിച്ചത്.
ഭാവിയിൽ മുകളിലേക്ക് നില കെട്ടാവുന്ന വിധത്തിലാകും വീടുകൾ നിർമിക്കുന്നത്. റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കും. അങ്കണവാടി, സ്കൂൾ, ആശുപത്രി, മാർക്കറ്റ്, പാർക്കിംഗ്, കളിസ്ഥലം എന്നിവയും ടൗൺഷിപ്പുകളിൽ നിർമിക്കും. ത്രിതലരീതിയിലാണു നിര്‍മാണം ഏകോപിപ്പിക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മാണ സമിതിക്കാണ് പദ്ധതിയുടെ നേതൃത്വം.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപനസമിതിയും കളക്ടറുടെ നേതൃത്വത്തില്‍ പ്രോജക്ട് നടപ്പാക്കല്‍ സമിതിയുമാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവും സ്പോണ്‍സര്‍മാരും ഉള്‍പ്പെടെ ഉപദേശകസമിതിയും രൂപീകരിക്കും. നിര്‍മാണ ഗുണനിലവാരം ഉറപ്പാക്കാനും സമിതിയുണ്ടാകും.
ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ ഉന്നയിക്കും. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസം ലഭിച്ചു.
കേരളത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ കുറിച്ചോ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്നതിനെ കുറിച്ചോ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും തുക ചെലവഴിക്കാനായി മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതിനെക്കുറിച്ചോ കത്തില്‍ സൂചനകളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.