കംഗാരുക്കളെ എറിഞ്ഞിട്ട ബുംറ തന്നെ ഒന്നാമൻ; ഒപ്പം ചരിത്ര നേട്ടവും
Wednesday, January 1, 2025 3:27 PM IST
ദുബായി: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിർത്തിയതിനൊപ്പം ഒരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ടെസ്റ്റിൽ ഒരു ഇന്ത്യൻ ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയിന്റാണ് ബുംറ സ്വന്തം പേരിലാക്കിയത്.
907 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. 904 പോയിന്റ് എന്ന ആർ. അശ്വിന്റെ റിക്കാർഡാണ് ബുംറ മറികടന്നത്. 2016ലാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയത്. മെൽബൺ ടെസ്റ്റ് തുടങ്ങിയപ്പോൾ ഇരുവരും ഒപ്പത്തിനൊപ്പമെത്തുകയും പിന്നീട് ബുംറ അശ്വിനെ മറികടക്കുകയുമായിരുന്നു.
റേറ്റിംഗ് പോയിന്റിന്റെ കാര്യത്തിൽ ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തിൽ ഇംഗ്ലീഷ് താരം ഡെറക് അണ്ടർവുഡിനൊപ്പം പതിനേഴാം സ്ഥാനത്താണ് ബുംറ. 932 റേറ്റിംഗ് പോയിന്റ് നേടിയിട്ടുള്ള ഇംഗ്ലണ്ടിന്റെ തന്നെ സിഡ്നി ബാണ്‍സാണ് പട്ടികയിൽ ഒന്നാമത്.
ഓസ്ട്രേലിയക്കെതിരേ നടക്കുന്ന പരമ്പരയിലെ മെല്‍ബണ്‍ ടെസ്റ്റിൽ ഒമ്പത് വിക്കറ്റെടുത്ത ബുംറ പരമ്പരയിൽ ആകെ 30 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്. ടെസ്റ്റിൽ 200 വിക്കറ്റെന്ന നാഴികക്കല്ലും ഇതിനിടെ പിന്നിട്ടു.
അതേസമയം, 843 റേറ്റിംഗ് പോയിന്റുമായി ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡാണ് ബുംറയ്ക്കു തൊട്ടുപിന്നിലായി റാങ്കിംഗില്‍ രണ്ടാമതുള്ളത്. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഓസീസ് നായകന് പാറ്റ് കമ്മിൻസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം, ഒരു സ്ഥാനം താഴേക്കിറങ്ങിയ രവീന്ദ്ര ജഡേജ പത്താം സ്ഥാനത്താണ്.