ഒരു കുബേരന്റെ മന്ത്രി മോഹം പൂര്‍ത്തീകരിക്കേണ്ട ബാധ്യത എല്‍ഡിഎഫിനില്ല; തോമസിനെതിരെ വെള്ളാപ്പള്ളി
Wednesday, January 1, 2025 3:16 PM IST
ആലപ്പുഴ: മന്ത്രി പദവിക്കായുള്ള തോമസ് കെ. തോമസിന്റെയും പി.സി. ചാക്കോയുടേയും ശ്രമം കണ്ട് കേരളം ചിരിക്കുന്നുവെന്ന പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കുട്ടനാട് മണ്ഡലം എന്‍സിപിക്ക് നല്‍കിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒരു വള്ളത്തില്‍ പോലും കയറാന്‍ ആളില്ലാത്ത പാര്‍ട്ടിയായി എന്‍സിപി മാറി. തോമസ് കെ. തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല.
ഒരു കുബേരന്റെ മന്ത്രി മോഹം പൂര്‍ത്തീകരിക്കേണ്ട ബാധ്യത എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍.
എ.കെ. ശശീന്ദ്രന് ജനപിന്തുണ ഉള്ള നേതാവാണ്. കുട്ടനാട് മണ്ഡലം തറവാട്ടുവക എന്ന് കരുതുന്ന ആളാണ് തോമസ് കെ. തോമസ്. ഇടതുമുന്നണിയോടുള്ള സ്നേഹം കാരണമാണ് തോമസ് കുട്ടനാട്ടില്‍ വിജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.