കലൂർ അപകടം; നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Wednesday, January 1, 2025 3:09 PM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ അപകടമുണ്ടായതിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കലൂർ ഹെൽത്ത് സർക്കിളിലെ എം.എൻ നിതയെ ആണ് സസ്പെൻഡ് ചെയ്തത്.
പരിപാടിക്കുള്ള പിപിആർ ലൈസൻസ് തേടി സംഘാടകർ നഗരസഭാ ആരോഗ്യവിഭാഗത്തെ സമീപിച്ചത് തലേ ദിവസമാണ്. ടിക്കറ്റില്ലാതെ നടത്തുന്ന പരിപാടിയാണെന്നാണ് സമിതി ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചിരുന്നത്.
ടിക്കറ്റില്ലാതെയുള്ള പരിപാടിക്ക് ലൈസൻസ് ആവശ്യമില്ലെന്ന് പറഞ്ഞ് നിത ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാൽ സംഭവസ്ഥലത്ത് പോയി കാര്യങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത്.
അതേസമയം കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റെനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഉമാ തോമസ് ചുണ്ടനക്കി മക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു.
തലയിലെ പരിക്കിനെക്കുറിച്ചുള്ള ആശങ്ക മാറി. കൈകാലുകള്‍ നന്നായി അനക്കുന്നുണ്ട്. ആളുകളെ തിരിച്ചറിയുന്നുണ്ട്. സ്വയം ശ്വസിക്കുന്നുണ്ട്. വെന്റിലേറ്ററില്‍നിന്ന് മാറ്റുന്ന കാര്യമാണ് ഇനി ആലോചിക്കേണ്ടതെന്നും അവർ പറഞ്ഞു.