കൊടി സുനിക്ക് പരോള്‍ നല്‍കിയത് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല: എം.വി.ഗോവിന്ദന്
Wednesday, January 1, 2025 11:56 AM IST
കണ്ണൂര്‍: ടി.പി.വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ നല്‍കിയത് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പരോള്‍ അടക്കമുള്ള കാര്യങ്ങള്‍ ജയില്‍ അധികൃതരും സര്‍ക്കാരുമാണ് തീരുമാനിക്കുന്നതെന്ന് ഗോവിന്ദന് പ്രതികരിച്ചു.
പരോള്‍ തടവുകാരന്റെ അവകാശമാണ്. പരോള്‍ നല്‍കിയത് അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലെന്നും ഗോവിന്ദന് പറഞ്ഞു.
കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്ത് അപരാധമാണുള്ളതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ പ്രതികരിച്ചിരുന്നു. കോവിഡ് കാലത്ത് പോലും സുനിക്ക് പരോൾ നല്‍കിയിട്ടില്ല. മനുഷ്യാവകാശത്തിന് കൊടിയുടെ നിറവും മാനദണ്ഡമാക്കണമോ എന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.