വയനാട് പുനരധിവാസം: മാസ്റ്റർ പ്ലാനിന് മന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകും
Wednesday, January 1, 2025 8:52 AM IST
കൽപറ്റ: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. ടൗൺഷിപ്പ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് കോടതി അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ട് അത് വേഗത്തിലാക്കാൻ എന്ത് ചെയ്യണമെന്ന കാര്യവും മന്ത്രിസഭായോഗം തീരുമാനിക്കും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ ആണ് ലക്ഷ്യംവയ്ക്കുന്നത്.
വീടുകളുടെ നിർമ്മാണത്തിന് സഹായം വാഗ്ദാനം നൽകിയ സ്പോൺസർമാരുമായും രാഷ്ട്രീയപാർട്ടികളുമായും മുഖ്യമന്ത്രി ഇന്ന് നേരിട്ട് ചർച്ച നടത്തും. കർണാടക സർക്കാരിന്റെയും രാഹുൽ ഗാന്ധിയുടെയും ഡിവൈഎഫ്ഐയുടേയും പ്രതിനിധികളും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരും യോഗത്തില്‍ പങ്കെടുക്കും.