കേരളത്തിന് "ഇഞ്ചുറി'; സന്തോഷ് ട്രോഫി കിരീടം ബംഗാളിന്
Tuesday, December 31, 2024 9:55 PM IST
ഹൈദരാബാദ്: കേരളത്തെ ഏക പക്ഷീയമായ ഒരു ഗോളിന് തകർത്ത് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി ബംഗാൾ. ഇഞ്ചുറി ടൈമില്‍ റോബി ഹന്‍സ്ദയാണ് ബംഗാളിനായി ലക്ഷ്യം കണ്ടത്. ബംഗാളിന്റെ 33-ാം കിരീടമാണിത്.
ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും നിരവധി മുന്നേറ്റങ്ങളുണ്ടാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയത്. പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു.
11-ാം മിനിറ്റില്‍ കേരളത്തിന് അവസരമെത്തി. നിജോ ഗില്‍ബർട്ട് നല്കിയ ക്രോസില്‍ അജസലിന്റെ ഹെഡർ ബാറിന് മുകളിലൂടെ പറന്നു. 30-ാം മിനിറ്റില്‍ ബംഗാളിന്റെ കോർണർ കിക്ക് കേരളത്തിന്റെ ഗോള്‍കീപ്പർ രക്ഷിച്ചു. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചു.
മുഹമ്മദ് മുഷ്റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. മത്സരം 70-ാം മിനിറ്റു പിന്നിട്ടതോടെ പന്ത് കൂടുതൽ സമയം കൈവശം വച്ച് ബംഗാളിനെ സമ്മർദത്തിലാക്കാൻ കേരളം ശ്രമം തുടങ്ങി.
എന്നാൽ 75-ാം മിനിറ്റിൽ കേരളത്തിന്റെ നിജോ ഗിൽബർട്ട് പരുക്കേറ്റ് ഗ്രൗണ്ടിൽ വീണു. നിജോയ്ക്കു പകരം മുഹമ്മദ് റോഷൽ പകരക്കാരനായി ഇറങ്ങി. 87-ാം മിനിറ്റിൽ പന്തുമായി ബംഗാൾ ബോക്സിലേക്ക് കുതിച്ച് കേരളത്തിന്റെ മുഹമ്മദ് റോഷൽ.
പക്ഷേ ഷോട്ടെടുക്കും മുൻപേ പ്രതിരോധിച്ച് ബംഗാൾ. തുടർച്ചയായി പരിക്കുകൾ കണ്ട രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് ഇൻജറി ടൈമായി ലഭിച്ചത്. റോബി ഹൻസ്ദയുടെ ഗോളിൽ ബംഗാൾ മുന്നിലെത്തി.
94-ാം മിനിറ്റിൽ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ അനായാസമായിരുന്നു ബംഗാൾ താരത്തിന്റെ ഗോൾ. തൊട്ടുപിന്നാലെ കേരളത്തിനു രണ്ട് ഫ്രീകിക്കുകൾ ലഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
കേരളത്തിന്റെ 16-ാമതും ബംഗാളിന്റെ 47-ാം ഫൈനലുമാണ് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്നത്.