ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദം; ഡിസി ബുക്സിനെതിരെ കേസെടുത്തു
Tuesday, December 31, 2024 7:58 PM IST
കോട്ടയം: സിപിഎം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്സിനെതിരെ പോലീസ് കേസെടുത്തു. ഡിസി ബുക്സ് പബ്ലിക്കേഷന്‍സ് മുൻ മാനേജര്‍ എ.വി. ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങൾ വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസം പ്രചരിപ്പിച്ചത് വൻ വിവാദമായിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന് എഡിജിപി നിര്‍ദേശം നൽകിയിരുന്നു.
ആത്മകഥാ വിവാദത്തില്‍ വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോര്‍ന്നത് ഡിസി ബുക്സില്‍നിന്ന് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രചയിതാവ് കോടതിയില്‍ പോകുകയും കോടതി നിര്‍ദേശിക്കുകയും ചെയ്താലേ പോലീസിന് തുടര്‍നടപടി സ്വീകരിക്കാനാകൂ എന്നായിരുന്നു എസ്പിയുടെ റിപ്പോർട്ട്.