എം.ടി തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരൻ: മുഖ്യമന്ത്രി
Tuesday, December 31, 2024 7:36 PM IST
തിരുവനന്തപുരം: തുഞ്ചൻ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രമാക്കി വളർത്തിയ വ്യക്തിയാണ് എം.ടി. വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം.ടിക്ക് ആദരമർപ്പിക്കുന്നതിനായി സാംസ്കാരിക വകുപ്പ് ടാഗോർ തിയറ്ററിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എം.ടി അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും മുമ്പത്തെ പോലെ ഇപ്പോഴും ആ ഘട്ടങ്ങളെ മറികടന്ന് അദ്ദേഹത്തിന് ജീവിതത്തിൽ ഒരു രണ്ടാമൂഴം കൂടിയുണ്ടാവുമെന്നു പ്രതീക്ഷിച്ചിരുന്നു. തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സാഹിത്യത്തില്‍, നമ്മുടെ സിനിമകളില്‍, നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ എല്ലാം എം.ടി അദൃശ്യ സാന്നിധ്യമായി തുടര്‍ന്നും നിലകൊള്ളും. എം.ടി സാഹിത്യത്തില്‍ ചെയ്തത് കൃത്യമായും തന്റെ ജീവിത കാലഘട്ടത്തെ സര്‍ഗാത്മകമായി അടയാളപ്പെടുത്തുകയാണ്.
നാടുവാഴിത്തത്തിന്റെയും മരുമക്കത്തായത്തിന്റെയും തകര്‍ച്ച അത് വ്യക്തിബന്ധങ്ങളിലും സമൂഹ ബന്ധങ്ങളിലുമൊക്കെ വരുത്തിയ മാറ്റത്തെ എഴുത്തിലൂടെ അടയാളപ്പെടുത്തി. നാലുകെട്ട് പോലെയുള്ള കൃതികള്‍ ഉദാഹരണമാണെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.