കൊടി സുനിയുടെ ആരോഗ്യസ്ഥിതി മോശം; പരോളിന് അർഹതയുണ്ടെന്ന് കുടുംബം
Tuesday, December 31, 2024 5:28 PM IST
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് പരോള്‍ അനുവദിച്ചത് വിവാദമാക്കേണ്ടെന്ന് കുടുംബം. സുനിയുടെ ആരോഗ്യസ്ഥിതി മോശമാണ്. കഴിഞ്ഞ ആറ് വര്‍ഷമായി സുനിക്ക് പരോൾ ലഭിച്ചിട്ട്.
ഇതേ കേസില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവര്‍ക്ക് ഇടയ്ക്കിടയ്ക്ക് പരോള്‍ കിട്ടുന്നുണ്ട്. സുനിക്ക് പരോള്‍ കിട്ടുമ്പോള്‍ മാത്രം എന്താണ് ഇത്രയ്ക്ക് വിവാദമാക്കാനുള്ളതെന്നും അമ്മയും സഹോദരിയും ചോദിച്ചു. ഉപാധിവെച്ചാണ് സുനിക്ക് പരോള്‍ ലഭിച്ചത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കരുത് എന്നാണ് പ്രധാന ഉപാധി. അതിനാല്‍ വയനാട് ജില്ലയിലാണ് നിലവില്‍ സുനിയുള്ളത്. 2018ലാണ് കൊടി സുനിക്ക് അവസാനമായി പരോള്‍ ലഭിച്ചത്. മകന് പരോള്‍ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു.
30 ദിവസം പരോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കൊടി സുനി ശനിയാഴ്ച വൈകുന്നേരം തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. പോലീസ് റിപ്പോര്‍ട്ട് എതിരായതിനാല്‍ ആറുവര്‍ഷമായി കൊടി സുനിക്ക് പരോള്‍ അനുവദിച്ചിരുന്നില്ല.