കുന്നംകുളത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭർത്താവിനെ കൊല്ലാനും പ്രതി പദ്ധതിയിട്ടു
Tuesday, December 31, 2024 4:10 PM IST
തൃശൂർ: കുന്നംകുളം ആർത്താറ്റ് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി എത്തിയത് കൊല്ലാനുറച്ചെന്നു പോലീസ്. കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തി വാങ്ങിയത് തൃശൂരിൽ നിന്നാണെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണു വീട്ടമ്മയായ സിന്ധു (50) അടുക്കളയിൽ വെട്ടേറ്റു മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഇവരുടെ മകൻ ഹൈദരാബാദിൽനിന്ന് എത്തിയശേഷമാണു മറ്റു ചടങ്ങുകൾ.
തിങ്കളാഴ്ച രാത്രി എട്ടിനാണു നാടിനെ നടുക്കിയ സംഭവം. കൊലപാതക ലക്ഷ്യത്തോടെയാണ് വീട്ടിലേക്ക് എത്തിയതെന്നു സഹോദരീഭർത്താവ് കണ്ണൻ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല നടത്താനുള്ള വലിയ വെട്ടുകത്തി തൃശൂരിൽനിന്നാണു വാങ്ങിയതെന്നും ഭർത്താവ് മണികണ്ഠനുണ്ടായിരുന്നെങ്കിൽ അയാളെയും വെട്ടുമായിരുന്നെന്നും ഇയാൾ പറഞ്ഞെന്നാണു വിവരം. സംഭവ സമയത്തു മണികണ്ഠൻ പുറത്തുപോയിരുന്നു.
ബന്ധുവായതിനാൽ ഇയാൾ കയറിവരുന്നതുകണ്ടു സിന്ധുവിനു സംശയം തോന്നിയില്ല. വീട്ടിലേക്കു കയറി സംസാരം തുടങ്ങുംമുന്പേ ഇയാൾ ആഞ്ഞുവെട്ടി. വെട്ടേറ്റ ഇവർ അടുക്കളയിൽചെന്നു വീണു. അവിടെവച്ചും കഴുത്തിൽ വെട്ടി. സിന്ധു ഉടനടി മരിച്ചു. പിന്നാലെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളുമായി പ്രതി രക്ഷപ്പെട്ടു.
നാട്ടിൽ വീസ ഇടപാടുകളുമായി നടന്ന ഇയാൾക്ക് അടുത്തിടെ സാന്പത്തിക ബാധ്യതയുണ്ടായി. സിന്ധു ഇടയ്ക്കിടെ ഇയാളുടെ മുതുവറയിലെ വീട്ടിലേക്കു വരാറുണ്ടായിരുന്നു. ആഭരണങ്ങളിൽ കണ്ണുടക്കിയത് അങ്ങനെയാണ്.
തുടർന്നാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലയ്ക്കുശേഷം വീടിനു പിന്നിലെ പാടംവഴി രക്ഷപ്പെട്ട പ്രതി ക്ഷേത്രത്തിനടുത്തുള്ള തോട്ടിലിറങ്ങി കുളിച്ചു. വസ്ത്രത്തിലും ആഭരണത്തിലുമുണ്ടായിരുന്ന രക്തക്കറയും നീക്കി.
നനഞ്ഞ വസ്ത്രങ്ങൾ ധരിച്ചു റോഡിലൂടെ നടക്കുന്നതുകണ്ടു ശ്രദ്ധയിൽപെട്ട യുവാവക്കൾ ആനായ്ക്ൽവച്ചു ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്തുവന്നത്. കൈയിലുണ്ടായിരുന്ന കവറിൽനിന്ന് വള താഴെവീഴുകയും ചെയ്തു. ഇതോടെ നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തി.
സിന്ധുവിന്റെ അനുജത്തിയുടെ ഭർത്താവും മുതുവറ സ്വദേശിയുമായ കണ്ണൻ വെൽഡിംഗ് തൊഴിലാളിയാണ്. ആര്യലക്ഷ്മി, ആദർശ് (ഹൈദരാബാദ്) എന്നിവരാണു സിന്ധുവിന്റെ മക്കൾ.