മലപ്പുറത്ത് ടിപ്പർ ലോറി ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി
Tuesday, December 31, 2024 3:59 PM IST
മലപ്പുറം: കൂട്ടിലങ്ങാടിയിൽ ടിപ്പർ ലോറി ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തിയശേഷം പോലീസ് മർദിച്ചതായി പരാതി. ഷാനിബിനാണ് പോലീസ് മർദനമേറ്റത്. ഷാനിബിനെ മർദിക്കുന്നത് ചോദ്യം ചെയ്ത പ്രദേശവാസിയായ മുഹമ്മദ് അലിക്കും മർദനമേറ്റു. ഇരുവരെയും മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷാനിബ് ചെങ്കൽ ക്വാറിയിൽനിന്നും കല്ലുമായി വരുന്നതിനിടെ പോലീസ് കൈ കാണിച്ചിരുന്നു. എന്നാൽ നിർത്താതെ പോയ ഷാനിബിനെ പോലീസ് പിന്തുടർന്നു പിടികൂടിയശേഷം വാഹനത്തിൽനിന്നും വലിച്ചിറക്കി മർദിച്ചുവെന്നാണ് പരാതി.
പോലീസ് മർദനത്തിൽ ബോധം നഷ്ടമായ മുഹമ്മദ് അലിയെ താലൂക്ക് ആശുപത്രിയിൽനിന്നും വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് അനധികൃതമായാണ് ചെങ്കൽ ക്വാറി പ്രവർത്തിച്ചിരുന്നത്.