സാബുവിന് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞിട്ടില്ല: എം.എം.മണി
Tuesday, December 31, 2024 3:53 PM IST
ഇടുക്കി: കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിന് മാനസിക പ്രശ്നം ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് എം.എം.മണി എംഎൽഎ. എന്തെങ്കിലും പ്രശ്നങ്ങൾ അയാളെ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നാണ് ഉദ്ദേശിച്ചതെന്ന് മണി വിശദീകരിച്ചു.
സാബുവിന് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടോ ഡോക്ടറെ കണ്ടിട്ടുണ്ടോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം സാബുവിന് ഇല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.
സംഭവത്തിൽ കട്ടപ്പന മുൻ ഏരിയാ സെക്രട്ടറി വി.ആർ.സജിക്ക് തെറ്റുപറ്റിയെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ പാർട്ടിക്ക് കൊടുക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സജി അനുഭവിച്ചുകൊള്ളുമെന്നും മണി പറഞ്ഞു.
ഇന്ന് രാവിലെ കട്ടപ്പനയിൽ സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുന്പോഴാണ് സാബുവിനെ അധിക്ഷേപിച്ചുകൊണ്ടുള്ള മണിയുടെ പരാമർശം. സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്ന് എംഎൽഎ പറഞ്ഞു.
സാബുവിന്റെ മരണത്തിൽ വി.ആർ.സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ല. വഴിയെ പോകുന്ന വയ്യാവേലി സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കരുത്. ഇതൊന്നും പറഞ്ഞ് വിരട്ടാൻ നോക്കേണ്ടെന്നും എംഎൽഎ പറഞ്ഞിരുന്നു.