കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സിപിഎം നേതാക്കള്‍
Tuesday, December 31, 2024 3:13 PM IST
കണ്ണൂർ: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മുതിർന്ന സിപിഎം നേതാക്കൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബിജെപി പ്രവർത്തകൻ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവർ പങ്കെടുത്തത്. ടി.പി.വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2008-ലാണ് നിഖിലിനെ ലോറിയിൽ നിന്ന് പിടിച്ചിറക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ അഞ്ച് സിപിഎം പ്രവർത്തകർക്ക് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
ഈ കേസിൽ ജയിലിൽ കഴിയുകയാണ് ശ്രീജിത്ത്. പരോളിലിറങ്ങിയ സമയത്താണ് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. ഈ ചടങ്ങിലാണ് മുതിർന്ന സിപിഎം നേതാക്കൾ അടക്കമുള്ളവർ പങ്കെടുത്തത്.