ഗുരുവിനെ സനാതനധര്‍മത്തിന്റെ വക്താവായി സ്ഥാപിക്കാൻ സംഘടിത ശ്രമം: മുഖ്യമന്ത്രി
Tuesday, December 31, 2024 2:44 PM IST
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്റെ വക്താവും പ്രയോക്താവുമായി സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ഗുരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സനാതന ധർമം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വർണാശ്രമ ധർമമല്ലാതെ മറ്റൊന്നുമല്ല. ആ വർണാശ്രമ ധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ഗുരു എന്തിനൊക്കെ വേണ്ടി നില കൊണ്ടോ, അതിനൊക്കെ എതിരായ പക്ഷത്തേക്ക് ഗുരുവിനെ തട്ടിയെടുത്ത് കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീനാരായണഗുരുവിനെ കേവലം ഒരു മതനേതാവായി അല്ലെങ്കിൽ മതസന്യാസിയായി കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഗുരുവിനു മതമില്ല എന്നു മനസിലാക്കണം. ഗുരുവിനു ജാതിയില്ല എന്നു മനസിലാക്കണം.
ഗുരുവിനെ ജാതിയുടേയോ മതത്തിന്റെയോ വേലി കെട്ടി അതിനുള്ളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചാല്‍ അതിലും വലിയ ഗുരുനിന്ദ വേറെയുണ്ടാകാനില്ല. അക്കാര്യം നാം ഓര്‍മിക്കേണ്ടതുണ്ട്. വെറുതെ ഓര്‍മിച്ചാല്‍ പോരാ, അത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സദാ ജാഗ്രത പുലര്‍ത്തുകയും വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.