എറിഞ്ഞിട്ട് കേരളം, പിടിച്ചുനിന്ന് പ്രദീപ്ത; ബംഗാളിന് ഭേദപ്പെട്ട സ്കോർ
Tuesday, December 31, 2024 1:53 PM IST
ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില് ബംഗാളിനെതിരേ കേരളത്തിന് 207 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന പ്രദീപ്ത പ്രമാണിക്കിന്റെ (74) തകർപ്പൻ ഇന്നിംഗ്സാണ് ബംഗാളിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
അതേസമയം, കനിഷ്ക് സേത്ത് (32), കൗശിക് മൈത്തി (27), സുമന്ത ഗുപ്ത (24), സുദീപ് ചാറ്റർജി (13) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല.
ഹൈദരാബാദ് നെക്സ്ജെൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗാളിന് തുടക്കം മുതലേ തകർച്ചയെ നേരിടേണ്ടി വന്നു. നാലു റൺസെടുക്കുന്നതിനിടെ ആദ്യവിക്കറ്റ് നഷ്ടമായ ബംഗാളിന് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
ഒരുഘട്ടത്തിൽ ഏഴിന് 101 എന്ന നിലയിലായ ബംഗാളിനെ എട്ടാംവിക്കറ്റിൽ കൗശിക് മൈത്തിയും പ്രദീപ്ത പ്രമാണിക്കും ചേർന്ന് കൂട്ടിച്ചേർത്ത 69 റൺസ് കൂട്ടുകെട്ടാണ് കരകയറ്റിയത്. പിന്നീട് അവസാന വിക്കറ്റിൽ സയൻ ഘോഷിനൊപ്പം ചേർന്ന് പ്രദീപ്ത ബംഗാളിനെ ഇരുന്നൂറും കടത്തി. 82 പന്തിൽ മൂന്നു ബൗണ്ടറികളും അഞ്ചു സിക്സറുമുൾപ്പെടുന്നതാണ് പ്രദീപ്തയുടെ ഇന്നിംഗ്സ്.
കേരളത്തിനു വേണ്ടി എം.ഡി. നിതീഷ് 46 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ ജലജ് സക്സേന, ബേസിൽ തമ്പി, ആദിത്യ സർവാതെ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.